കാവും കുളവും
കുട്ടിക്കാലം തൊട്ട് അച്ഛനും വല്യമ്മച്ചിയും പറയുന്ന കഥകളിൽ സർപ്പ കാവ് ഒരു പ്രധാന കഥാപാത്രമായിരുന്നു. അച്ഛനും ജാനമ്മമ്മയും കൂടെ അവരുടെ കുട്ടിക്കാലത്തു സന്ധ്യക്ക് കാവിൽ വിളക്ക് വെക്കാൻ പോയിരുന്നതും, വിളക്ക് വച്ച് കഴിയുമ്പോൾ ഇരുട്ടായിട്ട് മൂങ്ങയുടെയും കൊള്ളിക്കുറവാന്റെയും ഒക്കെ മൂളലും കൂവലും കേട്ടു പേടിച്ചു തിരിച്ചു കളപ്പുരക്കലോട്ട് ഓടുന്നതും ഒക്കെ ഒരു അമർ ചിത്രകഥ പോലെ ചെറുപ്പത്തിലേ മനസ്സിൽ പതിഞ്ഞു പോയ ചിത്രങ്ങൾ ആണ്.
വല്യമ്മച്ചിയുടെ കഥയിൽ, വല്യമ്മച്ചിയുടെ അമ്മാവനോ മുത്തച്ഛനോ ആരോ ആരുന്ന ഒരു കാർന്നോര് സ്വർണ സർപ്പത്താനെ കാവിൽ കണ്ടിട്ടുണ്ടന്നും, വേറെ ഒരു കാർന്നോരെ പാടത്തു വച്ച് വെളുത്ത മൂർഖൻ കടിച്ചു എന്നും ഒക്കെ കേട്ടിട്ടുണ്ട്. സന്ധ്യക്ക് വിളക്ക് കത്തിച്ച്, ശ്വാസം മുട്ടല് കാരണം വലിച്ചു വലിച്ചു നടന്നു, എന്ന് പണിതു എന്ന് ആർക്കും അറിയില്ലാത്ത പഴേ വീടിന്റെ ആകെ മിച്ചം നിക്കുന്ന അടുക്കള കെട്ടിന്റെ കിഴക്കു ഭാഗത്തേക്ക് ‘ദീപം’ കാണിക്കുന്നതും ഒക്കെ എന്തിനാണ് എന്ന് മനസ്സിലാകാതെ നോക്കി നിന്നിരുന്നു ചെറുപ്പത്തിൽ. വിളക്കും കൊണ്ട് മുൻവശത്തേക്കു പോകുമ്പോൾ ‘സർപ്പത്താന്മാർക്കു ആരെങ്കിലും വിളക്ക് വെക്കുന്നുണ്ടോ എന്തോ എന്ന്’ വല്യമ്മച്ചി പിറുപിറുക്കുന്നതു കേൾക്കാമായിരുന്നു.
കണിയാംകുന്നേൽ ചിറ്റയുടെ കൂടെ സർപ്പ നേദ്യത്തിന്റെ അന്ന് കാവിന്റെ താഴെ പാടത്തിനടുത്തുള്ള കുളത്തിൽ കാട്ടു
ചെത്തിപ്പൂ പറിക്കാൻ പോകുമ്പോൾ ആ കുളം തറവാട്ടിലെ സ്ത്രീകളുടേതും, ചിറക്കരമ്യാലിലെ കുളം ആണുങ്ങളുടെ ആരുന്നു എന്നും ഒക്കെ കഥ പറയും. മെടയാൻ ഉള്ള ഓല ചീയാൻ ഇട്ടിരിക്കുന്ന കുളം വെറുതെ നോക്കി നിന്നിട്ടുണ്ട്. കാവിൽ പൂജക്ക് വേണ്ടി തെളിച്ചിട്ട ഭാഗത്തു നിന്ന് വെട്ടിയ ഇഞ്ചത്തടി വാക്കത്തിയുടെ മാടുകൊണ്ടു ചതച്ചു ഇഞ്ച എടുക്കാൻ വിശ്വംവല്യച്ഛൻ കാണിച്ചു തന്നിരുന്നു. കാവിലെ കിണർ ഒരിക്കലും വറ്റില്ലാത്തതും, ആ പരിസരത്തെ വീട്ടുകാർ വേനക്കാലത്തു വെള്ളത്തിന് ആശ്രയിച്ചിരുന്നതും ആയിരുന്നു.
കാവിന്റെ അടുത്തുള്ള പറമ്പിൽ ഒരു ചെറിയ ഓടിട്ട ശ്രീകോവിൽ പോലെ ഒരു നിർമിതി ഉണ്ടായിരുന്നു. അതിനു കൊട്ടാരം എന്നാണ് പറഞ്ഞിരുന്നത്. കൊട്ടാരത്തിൽ വിളക്ക് വെക്കാൻ പോകുന്ന കഥയാണ് അച്ഛൻ പറഞ്ഞിരുന്നത്. യുദ്ധകാലത്ത് പട്ടാളക്കാർ വന്ന് പിടിച്ചെടുത്ത് കൊണ്ട് പോകാതിരിക്കാൻ വേണ്ടി നെല്ല് ഒളിപ്പിച്ചു വച്ചിരുന്ന അറ ആയിരുന്നു അതിന്റെ അടിയിൽ എന്ന് ആരോ ഒരിക്കൽ പറഞ്ഞു. കെടാവിളക്ക് കത്തിച്ചിരുന്ന അവിടെ പട്ടാളക്കാർ കേറി തപ്പില്ല എന്ന് ഏതോ ബുദ്ധിയുള്ള കാർന്നോർ ചിന്തിച്ചിട്ടുണ്ടാവണം.
ഇതെല്ലാം ഞാനടങ്ങുന്ന ഒരു വിഭാഗത്തിന്റെ മാത്രം തുരുമ്പെടുത്ത ആചാരങ്ങൾ മാത്രമാണെന്ന് യൗവനത്തിന്റെ തുടക്കത്തിൽ ഞാൻ കരുതിയിരുന്നു. ഈ കഥകളും ആചാരങ്ങളും ഒക്കെ ആയിരിക്കാം പാമ്പിനെ ഇത്രേം പേടി ആകാൻ ഉള്ള കാര്യം എന്നും കരുതി. പക്ഷെ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ (മേട മാസം) വിഷുവിനടുപ്പിച്ച് നടക്കുന്ന സർപ്പ നേദ്യത്തിന് പോകുമായിരുന്നു. മിക്കവാറും ബന്ധുക്കളും അന്നവിടെ കാണും, നല്ല കടുംപായസം ഉണ്ടാകും പ്രസാദം ആയിട്ട്., പിന്നെ രണ്ട് കാവുകൾക്കും എന്തോ ഒരു ഭംഗി ഉണ്ടായിരുന്നു. കൊട്ടാരപ്പറമ്പിലെ കാവിൽ പൂജ കഴിഞ്ഞ് എല്ലാരും കൂടെ വീട്ടിലേട്ട് പറമ്പിലിരിക്കുന്ന കാവിലേക്കു പോകുന്നു - ആ കാവ് എനിക്ക് ഒരുപാടു ഇഷ്ടമാണ്, എന്തോ ഒരു വന്യ സൗന്ദര്യം ആ കാവിനു ഉണ്ട്. ആദ്യത്തെ തറവാട് വീട്ടിലേട്ട് പറമ്പിൽ ആരുന്നു എന്നും, അത് തീ പിടിച്ച് നശിച്ചതിനു ശേഷമാണ് ഇപ്പോളത്തെ വീടിരിക്കുന്നിടത്തേക്കു മാറിയതെന്നും ഒക്കെ കഥ.
പിന്നീട് കോളേജ് ജീവിതത്തിനിടക്ക് നേച്ചർ ക്ലബ്ബിൽ വച്ചാണ് സർപ്പകാവുകളുടെ പ്രാധാന്യം - ecological importance - മനസ്സിലായത്. ഓരോ വീട്ടിലും ഒരു ചെറിയ മഴക്കാട് എന്നതാണ് സർപ്പകാവിന്റെ ഉദ്ദേശം എന്നും, കാവ് തീണ്ടിയാൽ കുടിവെള്ളം മുട്ടും എന്ന് പറയുന്നതിന്റെ അർദ്ധം ഒരു കാർഷിക സംസ്കാരത്തിന്റെ context-ൽ എന്താണെന്നും പറഞ്ഞു തന്നത് ഒരു നല്ല നസ്രാണി അധ്യാപകൻ ആണ് - പ്രൊഫ: പ്രസാദ് പോൾ. തൊടുപുഴ അമരംകാവ് കാണിക്കാൻ കൊണ്ടുപോയപ്പോൾ അദ്ദേഹം കാവുകളെ കുറിച്ച് വാചാലനായി. അദ്ദേഹം ഇന്നും പ്രകൃതിയെക്കുറിച്ചും അതിന്റെ അസന്തുലിതാവസ്ഥയെ കുറിച്ചും, മനുഷ്യൻ ചെയ്യുന്ന നാശത്തിനെ കുറിച്ചും ഒക്കെ ഓർത്തു വിലപിക്കുന്ന ഒരു ആജീവനാന്ത വിദ്യാർത്ഥി ആണ്. സർപ്പം ഒരു കാർഷിക സംസ്കാരത്തിൽ എത്ര പ്രധാനപ്പെട്ട കണ്ണി ആണെന്നും, കാടും, കാടിന്റെ മക്കളും, പുഴകളും, കുളങ്ങളും, പാടങ്ങളും, ചതുപ്പുനിലങ്ങളും നമ്മുടെ ആവാസ വ്യവസ്ഥക്ക് എത്ര പ്രധാനപ്പെട്ടതാണെന്നും പ്രസാദ് പോൾ സർ മനസ്സിലാക്കി തന്നു. സാറിന്റെ കൂടെ കാട് കേറി കാടിനെ സ്നേഹിക്കാൻ പഠിച്ചു.
കൊട്ടാരം എന്നോ പൊളിഞ്ഞു വീണു. നാല്പതുകളിലെ തലമുറയ്ക്ക് പരിഷ്ക്കൃത സമൂഹത്തിന്റെ ഭാഗം ആകാൻ, കാലപ്പഴക്കം വന്ന ആചാരങ്ങളെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാകാം.., പുതിയ യാഥാർഥ്യങ്ങളിൽ സാമ്പത്തിക ഭദ്രതക്ക് വേണ്ടി, നിന്നിരുന്ന 4 ചതുരശ്ര അടി സ്ഥലം കൊട്ടാരത്തിനു നാണ്യ വിള ആയ റബ്ബർ മരത്തിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നിരിക്കാം.
ഇന്ന് കൊട്ടാരപ്പറമ്പിലെ സർപ്പക്കാവിൽ വള്ളിപടർപ്പില്ല… മുടി കൊഴിഞ്ഞ തുടങ്ങിയ ശിരസ്സ് പോലെ തോന്നും. അവിടെ ഉണ്ടായിരുന്ന ഒരു വലിയ പന ഉണങ്ങി പോയി. കാവ് ചുരുങ്ങി…, കഷ്ടി നില്ക്കാൻ സ്ഥലമുണ്ട്. കഴിഞ്ഞ വേനലിന് കാവിലെ കിണറ്റിൽ വെള്ളം വറ്റി എന്ന് കേട്ടു. പാടം മണ്ണിട്ട് നികത്തിയാൽ പിന്നെ കാവെന്തിനാ..? കാവിലെ കിണറ്റിൽ വെള്ളം എങ്ങിനാ..? ഭാഗ്യത്തിന് വീട്ടിലേട്ടു പറമ്പിലെ കാവ് ഇപ്പോളും പഴയതുപോലെ ഒക്കെ തന്നെ ഉണ്ട്.
കാവുകൾ സംരക്ഷിക്കപ്പെടണം. പക്ഷെ അത് മതില് കെട്ടി അടച്ചല്ല. മറിച്ച്, കൊഴിഞ്ഞു വീണ ഒരു ഇല പോലും ആരും എടുക്കാതെ അവിടെ കിടന്നു മണ്ണിനോട് ചേരുന്ന, ചുറ്റുമുള്ള പ്രകൃതിയോട് ഇഴുകി ചേർന്ന് നിബിഡ വനം ആയി മഴക്കാടായി വേണം. സർപ്പം ആ ആവാസവ്യവസ്ഥയുടെ കാവൽക്കാരനായി ഫണം വിടർത്തി അവിടെ വാഴണം. ഇപ്പോൾ ഉള്ള നിലക്കെങ്കിലും കാവുകൾ അടുത്ത തലമുറയ്ക്ക് വേണ്ടി അങ്ങിനെ തന്നെ ഉണ്ടാകണേ എന്ന് പ്രാർഥന. പൈതൃകം രക്തം മാത്രം അല്ല., ചരിത്രവും, സംസ്കാരവും, പ്രകൃതിയും ആണ്. അത് വരും തലമുറകളുടെ അവകാശമാണ്.
Comments