സത്യത്തിൽ മലയാളിയുടെ ഏറ്റവും വലിയ nostalgia ആണ് ഓണം. കുട്ടിക്കാലത്തിന്റെ ഓർമകളിലേക്കുള്ള ഒരു വ്യഗ്രമായ തിരിച്ചുപോകൽ. അല്ലെങ്ങിൽ കിട്ടുന്ന അവസരത്തിന് കഷ്ടപ്പെട്ട് ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് എത്താൻ എന്തിനു തിക്കി തിരക്കി പോകുന്നു? വീടിനു മുൻപിൽ കൂടി ഇന്നലെയും മിനിയാന്നും ആളുകളെ കുത്തി നിറച്ചു പോയ ബസ്സുകൾ അതിനുള്ള തെളിവല്ലേ?

കുന്നുമ്പുറത്തു വീട്ടിൽ സേലൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടുന്നതോട് കൂടി എനിക്ക് ഓണം ആയി. സ്കൂൾ അടച്ചു, ഓണ പരീക്ഷ കഴിഞ്ഞു. അമ്മിണി അമ്മ പഠിപ്പിക്കുന്ന subject ഒഴികെ വേറെ ഒന്നിനെ കുറിച്ചും സ്കൂൾ തുറക്കും വരെ പേടിക്കേണ്ട - അത് വരെ അച്ഛൻ മാർക്ക്‌ അറിയില്ല, വഴക്ക് കേക്കണ്ട. ഇനി ഇന്ദു-നോട് തല്ലുണ്ടാക്കുക, പിന്നെ എല്ലാരും വരാൻ വേണ്ടി കാത്തിരിക്കുക - നവീനും നിഷേം എന്നെ പോലെ locals ആണ് - തറവാട്ടിൽ തന്നെ കാണും. കോട്ടയത്ത്‌ നിന്നും ജാനമ്മ അമ്മയും വല്യച്ചനും, ഹരിചേട്ടനും ഉഷ ചേച്ചിയും വരും, സുധിച്ചേട്ടൻ ഈ ഓണം എഞ്ചിനീയറിംഗ് കോളേജിൽ ചിലവിടാൻ തീരുമാനിക്കില്ല എന്ന് പ്രതീക്ഷിക്കാം - തിരുവനന്തപുരത്തു് ആരു ഇരിക്കുന്നു പുള്ളിയുടെ കത്തി കേക്കാൻ..? ബിന്ദു ചേച്ചി എന്തായാലും കാണും. കൊഴികോട്ടു നിന്നും ലീലമ്മച്ചി വരാൻ ഉള്ള ട്രെയിന്റെ ടിക്കറ്റ്‌നെ കുറിച്ചും, റിസർവേഷൻ RAC ആണെന്നോ എന്തോ ഒക്കെ പറഞ്ഞു വ്യാകുല പെടുന്ന അനിയൻ കൊച്ചച്ചൻ. ലീല പ്രിയദർശിനി വരുന്നു എന്ന് അറിയുമ്പോൾ ഉള്ള ടെൻഷൻ കണ്ടു ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് ഇന്ദിര പ്രിയദർശിനി ആണ് വരുന്നതെന്ന്, എന്തോ ഒരു ടെൻഷൻ ഫീൽ. ലീലമ്മച്ചിയുടെ കൂടെ അജിച്ചേട്ടനും അരുച്ചേട്ടനും സിന്ധു ചേച്ചീം വന്ന ഒരു ഓണം വളരെ കുറച്ചേ എനിക്ക് ഓർമ ഉള്ളൂ. ഉല്ലലെന്നു എന്തായാലും വിശ്വനാഥൻ വല്യച്ചനും പേരമ്മേം അവിട്ടത്തിന്റെ അന്ന് എത്തും - അന്നാണ് മുത്തച്ഛന്റെ പിറന്നാൾ - കൂടെ ഉണ്ണിച്ചേട്ടനും മഞ്ജു ചേച്ചിയും വരുമാരിക്കും, സാധാരണ വരാറുണ്ട്. ഇത്രേം orderly and disciplined ആയിട്ടുള്ള ഒരു birthday celeberation വേറെ എങ്ങും കാണില്ല. മുത്തച്ഛന്റെ ശാന്ത സ്വരൂപം കാണാൻ കിട്ടുന്ന അപൂർവം ആയ ഒരു ദിവസം. പറയുമ്പോ എല്ലാം പറയണല്ലോ - ഒറ്റയ്ക്ക് പുള്ളി ഇരിക്കുമ്പോ ആളു നല്ല ശാന്തനാണ് - കൂടെ ഇരിക്കാനും രസമാ - പക്ഷെ കുറച്ചു ആളുകൾ ചുറ്റും ഉണ്ടേൽ ആളു ചന്ദ്രഹാസം എടുക്കും - എന്താ അതിന്റെ കാര്യം എന്നും മാത്രം പിടി കിട്ടീട്ടില്ല..

തിരുവോണത്തിന് വീട്ടിൽ ഊണ് - അച്ഛനും അമ്മേം രാവിലെ തന്നെ അടുക്കളയിൽ കേറീട്ടുണ്ടാവും. അച്ഛൻ ആണ് കമ്പ്ലീറ്റ്‌ കണ്ട്രോൾ - കറിക്ക് നുറുക്കുന്നു, തേങ്ങ ചെരണ്ടാൻ എന്നെ വിളിക്കുന്നു - പിന്നെ അത് പിഴിയുന്നു, അതിന്റെ ഇടയിൽ അമ്മ എന്തെങ്ങിലും ചെയ്തതിനു കുറ്റം പറഞ്ഞു ഒച്ച വക്കുന്നു അകെ ബഹളം. ഇടയ്ക്കിടയ്ക്ക് പണിക്കാർ വന്നു തല ചൊറിഞ്ഞു നിന്ന് തിരിഞ്ഞു കളിക്കുന്നു - അമ്മ കുറച്ചു രൂപയും പിന്നെ ഉപ്പേരിയോ ചീടയോ മുറുക്കോ ഒക്കെ കൊടുത്തു വിടുന്നു. ഉപ്പേരീം മുറുക്കും ഒക്കെ അമ്മ വിജയമ്മ ചേച്ചിയെക്കൊണ്ട് നേരത്തെ ഉണ്ടാക്കീച്ചിട്ടുണ്ടാവും. ഇന്ദു പുതിയ ഉടുപ്പും ഇട്ടു തലേൽ പൂവും വച്ച് ഏതാണ്ടൊക്കെ പൊട്ടത്തരം കാണിച്ചു നടക്കുന്നു. ഇപ്പൊ അവള് കരഞ്ഞാൽ എനിക്ക് സൂപ്പർ അടി കിട്ടും - കാരണം പോലും ചോദ്യം ഉണ്ടാവില്ല. ഊണ് കഴിഞ്ഞാൽ പിന്നെ അയലോക്കത്തെ വീടുകളിൽ പായസോം അവിയലും ഒക്കെ കൊണ്ട് കൊടുക്കൽ എന്റെ പണി. ഇന്ദുവും അയലോക്കത്തെ പിള്ളേരും ഒക്കെ ഊഞ്ഞാൽ ആടുന്നു - ഞാൻ നാളത്തേക്ക് വേണ്ടി അക്ഷമനായി ഇരിക്കുന്നു - വൈകീട്ട് അമ്മിണി അമ്മേടെ വീട്ടിലും അക്കരേം പോയി ആരൊക്കെ വന്നു എന്ന് നോക്കണം.

അവിട്ടം - ഇന്ന് അക്കരെ തറവാട്ടിൽ ഓണം - മുത്തച്ഛന്റെ പിറന്നാൾ. അച്ഛൻ മേടിച്ചു കൊണ്ടുവന്ന ഓണക്കോടി ഇട്ടു രാവിലെ തന്നെ അക്കരയ്ക്കു വച്ച് പിടിപ്പിക്കുന്നു. അമ്മിണി അമ്മേടെ വീട്ടിൽ പോയിട്ട് അവിടുന്നു ആരുടെ എങ്കിലും കൂടെ പോകാം - അല്ലേൽ ഞാൻ ഉറപ്പായിട്ടും മാന്തുണ്ടം പറമ്പിലോ കണ്ടം വരമ്പിലോ പാമ്പിനെ കാണും - പാമ്പിനെ എനിക്ക് പേടിയാണ്. സർപ്പ കാവിൽ എല്ലാ സർപ്പ നേദ്യത്തിനും ഞാൻ പ്രാർധിക്കുമായിരുന്നു എന്നെ പേടിപ്പിക്കല്ലേ എന്ന് - പക്ഷെ ഒരു കാര്യോം ഇല്ല. അച്ഛന് പാമ്പിനെ ഒരു പേടീം ഇല്ല - ഒട്ടു കൊല്ലുകേം ഇല്ല.

അക്കരെ ചെല്ലുമ്പോ മിക്കവാറും നവീൻ ആദ്യ സെറ്റ് അടി വാങ്ങീട്ടു ഇരുപ്പുണ്ടാവും. വിജയമ്മ ചേച്ചീം ശോഭനേം ഒക്കെ തകർത്തു പണി എടുക്കുന്നുണ്ടാവും - പാത്രം കഴുകലും, മുറ്റമടീം ഒക്കെ ആയിട്ട്‌. അനിയൻ കൊച്ചച്ചൻ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി അലക്ഷ്യമായ ദേഷ്യത്തിൽ അതിലെ നടക്കുന്നുണ്ടാവും. രമണി കുഞ്ഞമ്മ ആരോടും ഒന്നും പറയാതെ അടുക്കളയിലെ തിരക്കിൽ ആരിക്കും. പതുക്കെ പതുക്കെ എല്ലാരും എത്തുന്നു. വിശ്വം വല്യച്ഛനും എത്തിയാൽ പിന്നെ സദ്യക്കുള്ള പണികൾ തുടങ്ങി. മക്കളെ എല്ലാം കണ്ട സന്തോഷത്തിൽ വല്യമ്മച്ചി. മുത്തച്ഛൻ പറമ്പിൽ എവിടെയോ പശുക്കളെ “മക്കളെ” എന്നും വിളിച്ചു നടക്കുന്നുണ്ടാവും. എന്റെ ഇരുപതുകളിലെക്കാൾ കൂടുതൽ ആരോഗ്യവും മനോബലവും മുത്തച്ചന് എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്നു.

അക്കരെ ഊഞ്ഞാൽ ഇട്ടു എനിക്ക് ഓർമയില്ല. കൂവളത്തിന്റെ കായും, വെച്ചിങ്ങയും, കവിളൻ മടൽ വെട്ടി ഉണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ്‌ കളി ആണ് പ്രധാന കലാ പരിപാടി. ചേച്ചിമാരും അനിയത്തിമാരും എന്ത് ചെയ്തിരുന്നു എന്ന് ഒരു ഓർമേം കിട്ടുന്നില്ല. ഇടക്ക് ഒരിക്കൽ എല്ലാരും കൂടെ സാറ്റ് കളിച്ചു - അത് മാത്രമേ ഓർമയുള്ളൂ. ആസ്ത്മ-യുടെ ഉപദ്രവം കാരണം ക്ഷീണിച്ച വല്യമ്മച്ചി ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്നതും കണ്ടു പടിയിൽ ഇരുപ്പുണ്ടാവും, ഇടയ്ക്കു ചെടിച്ചട്ടി പൊട്ടിക്കല്ലേ മക്കളെ എന്ന് ക്ഷീണിച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടാവും. ഊണിനു ഞങ്ങൾ പിള്ളേര് ആദ്യം തറയിൽ - വളര പതിഞ്ഞ ശബ്ദത്തിൽ മാത്രം എല്ലാരും സംസാരിക്കുന്നു. മുത്തച്ചനും പ്രിയ മകളും മേശ-ഇൽ കഴിക്കുന്നുണ്ടാവും. ഊണ് കഴിഞ്ഞു എല്ലാരും കൂടെ തെക്കേ പറമ്പിൽ കളപ്പുര തറയിൽ നിക്കുന്ന കൂവ പറിച്ചു പനിനീര് തളിക്കുന്നു.

ബാലൻ വല്യച്ചനെ ഊണിനു കണ്ടു എനിക്ക് ഓർമയില്ല. പുള്ളി വരാറില്ലാരുന്നു എന്നു തോന്നുന്നു. വർഷങ്ങൾക്കു ശേഷം, എന്റെ കോളേജ് കാലത്ത് ഞാനും ബാലൻ വല്യച്ചനും വല്യ കൂട്ടുകാർ ആയി. ഞങ്ങൾ രണ്ടു പേരും rebellious ആയതുകൊണ്ടാരിക്കാം, ഞാൻ പറയുന്നതിന് മറുപടി തേടാൻ തിരക്കിടാതെ, belittle ചെയ്യാതെ കേൾക്കാൻ തയ്യാറായ അപൂർവം ആളുകളിൽ ഒരാൾ. എന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞിട്ടുള്ള ഒരാൾ. മെർക്കുറി പോലെ ദേഷ്യം വരുകേം അതുപോലെ ഇറങ്ങുകേം ചെയ്യുന്ന ഒരാൾ, കാര്യം പറഞ്ഞാൽ മനസ്സിലാക്കുന്ന ഒരാൾ, ആദ്യത്തെ entrepreneurial inspiration. ഒരാളുടെ വേർപാട്‌ എന്റെ ജീവിതത്തിൽ എന്ത് വലിയ നഷ്ടം ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് ആദ്യം ആയി മനസ്സിലായത് ബാലൻ വല്യച്ഛൻ മരിച്ചപ്പോളാണ്.

ചതയത്തിന്റെ അന്ന് ഓണം അമ്മ വീട്ടില് ആണ്. അവിട്ടത്തിന്റെ അന്ന് ഊണ് കഴിഞ്ഞു അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്ക് തുടങ്ങും. അമ്മ എന്തൊക്കെയോ പൊതിഞ്ഞു കെട്ടുന്നു - കുട്ടനാട്ടിൽ ആണ് അമ്മയുടെ വീട്, അവിടെ ചക്ക ഇല്ല, ചേന ഇല്ല എന്നൊക്കെ പറഞ്ഞു കണ്ണിൽ കണ്ട പച്ചക്കറി ഒക്കെ അമ്മ പൊതിഞ്ഞു കെട്ടും, പിന്നെ ഒരു ലോഡ് ഉണക്ക് കപ്പയും, ചക്ക കുരുവും, ചക്ക ഉപ്പേരീം.

അച്ഛൻ ആണേൽ KSRTC ബസിൽ മാത്രമേ യാത്ര ചെയ്യൂ. ബസ്റ്റ് സ്റ്റോപ്പിൽ ഒരു മണിക്കൂർ നിന്ന് കഴിയുമ്പോ ഒരു കോട്ടയം വണ്ടി വരും. പിന്നെ അതിൽ തിക്കി തിരക്കി ആദ്യം കോട്ടയം, പിന്നെ അവിടുന്നു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി ബസ്‌ സ്റ്റാന്റ് ആണ് ലോകത്തെ ഏറ്റവും വൃത്തികെട്ട ബസ്‌ സ്റ്റാന്റ് - കുട്ടനാട് ഭാഗത്തേക്കുള്ള ബസിൽ എല്ലാം ഭയങ്കര തിരക്കാണ്. ഒരു വിധം കിടങ്ങറയിൽ എത്തുന്നതോട് കൂടി നമ്മുടെ സ്വന്തം രാജ്യം ആയി - ഇവിടെ ഞാൻ ആണ് പുലി. കൊച്ചു മക്കളിൽ ഏറ്റവും മൂത്തത് ഞാൻ ആണ്, അമ്മ ഇവിടത്തെ ലീല പ്രിയദർശിനി ആണ് - വേറെ ഒരു വിധത്തിൽ - ടെന്ഷന് പകരം അകെ തമാശയും ചിരിയും. മറ്റേമ്മക്ക് (അമ്മേടെ അമ്മ) എന്നോടാണ് പ്രിയം, പിന്നെ അച്ഛന്റെ വീട് പട്ടാള ക്യാമ്പ്‌ ആണേൽ, ഇത് ടീച്ചർ ഇല്ലാത്ത ക്ലാസ്സ്‌ റൂം പോലെ ആണ് - complete freedom

ബസ് സ്റ്റോപ്പിൽ നിന്നും വീടെത്തുന്ന വരെ സകല വീടുകളുടേം മുന്നിൽ നിന്ന് അമ്മ എല്ലാരോടും വിശേഷം പറഞ്ഞു നിരങ്ങി നിരങ്ങി വീട്ടിൽ എത്തും. മുന്നിൽ കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പുഞ്ച പാടം കണ്ണെത്താ ദൂരം വരെ പരന്നു കിടക്കുന്നു. നഴ്സറി സ്കൂൾ പോലെ 10 -12 കസിൻസ് പിള്ളേര് ഒച്ച വെച്ച് ഓടി നടക്കുന്നു.. സന്ധ്യ ആകുന്നതോടു കൂടി മറ്റേമ്മ താറും പാച്ചി വിളക്ക് വെക്കല് തുടങ്ങുന്നു.. പിന്നെ നാമം ജപിക്കാൻ ഞങ്ങൾ പിള്ളേരെ ഒക്കെ പിടിച്ചിരുത്തുന്നു.. നാമജപത്തിന്റെ ഇടക്ക് അടുക്കളയിലേക്കു നോക്കി “ഉഷേ ആ അടുപ്പിലെ തീ ഒന്ന് തള്ളി വച്ചേക്കണേ..” എന്നും ഒക്കെ വിളിച്ചു പറയുന്നു.. രാത്രീൽ എല്ലാരും കൂടെ മറ്റേമ്മ കിടക്കുന്ന തെക്കേ പുരയിൽ പാ വിരിച്ചു തറയിൽ മത്തി അടുക്കിയപോലെ കിടന്ന് അടക്കത്തിൽ വർത്തമാനം പറഞ്ഞു ചിരിക്കുന്നു.. ഇടയ്ക്കു മറ്റേമ്മ “മിണ്ടാതെ കിണ്ടന്നു ഉറങ്ങു പിള്ളാരെ..” എന്ന് വഴക്കു പറയുന്നു.. എപ്പോളോ ഉറങ്ങി പോണു..

രാവിലെ എണീറ്റ് വരുമ്പോൾ തന്നെ നെയ്യിട്ട കട്ടൻ കാപ്പി, അടുക്കളയില സദ്യ ഒരുക്കം പൊടി പൂരം, ഒരു പൂരത്തിനുള്ള ആള്, അറപ്പുരേടെ പടിയേൽ രതി ചിറ്റ തേങ്ങ ചിരണ്ടാൻ എന്നും പറഞ്ഞിരിപ്പുണ്ടാവും, അരീപ്പെട്ടീടെ മേളിൽ വേറൊരാൾ, ചായ്പ്പിന്റേം തളത്തിന്റേം പടികളിൽ വേറെ ആരൊക്കെയോ, പുക നിറഞ്ഞ അടുക്കളയിൽ രണ്ടു അടുപ്പിൽ ചോറ് വേവുന്നു.. ആരൊക്കെയോ കേറി ഇറങ്ങി വന്നു ഉമിക്കരീം എണ്ണയും എടുത്തു ആറ്റിൽ കുളിക്കാൻ പോണു.. ലക്ഷ്മി കണിയാട്ടിയാര് തളത്തിൽ വന്നു എല്ലാരോടും വിശേഷം ചോദിക്കുന്നു…, ചീടയും മുറുക്കും പക്കാ വടയും ഒക്കെ വാരി വാരി പിള്ളേര് എടുത്തോണ്ട് പോണു. ഞങ്ങൾ കുട്ടികള്ക്ക് വേണ്ടി വാഴ പിണ്ടി ചങ്ങാടം ഉണ്ടാക്കുന്ന കുഞ്ഞമ്മാവൻ. ചൂണ്ട ഇട്ടു പള്ളത്തിയെ പിടിക്കുന്ന cousins. മറ്റേച്ചെന്റെ അസ്ഥി തറ ഇരിക്കുന്നിടത്തു പണ്ട് ഒരു വല്യ പ്ലാവ് ഉണ്ടായിരുന്നു.. അതിന്റെ കുടുന്നയിൽ ഇട്ട ഊഞ്ഞാലിൽ ചിറ്റയും കുഞ്ഞമ്മാവനും ഒക്കെ കേറി നിന്ന് കുത്തിച്ചു പൊങ്ങി ആടി പപ്പടം കടിച്ചെടുക്കുന്ന മത്സരം ഒക്കെ എന്റെ കുഞ്ഞുന്നാളിലെ നേരിയ ഓർമകളിൽ ഉണ്ട്.. പ്രതാപൻ അമ്മാവൻ വടക്കേ പറമ്പിൽ മറ്റേമ്മയുടെ രണ്ടു കോഴികളുടെ കഥ കഴിച്ചിട്ട്, പപ്പും പൂടേം പറിക്കുന്നു.., നല്ല നാടൻ ചിക്കൻ കറി ഉള്ള ഓണ സദ്യ റെഡി ആകുന്നു.

സദ്യക്ക് മുമ്പേ അത്യാവശ്യം “മദ്യപാനം” സേവിച്ചിട്ടു ചിരിച്ചു നിക്കുന്ന അമ്മാവന്മാർ. നിലവറയിൽ പോയി ഒളിച്ചിരുന്ന് ചേട്ടന്മാർ കാണാതെ ഓരോന്ന് വീശുന്ന കുഞ്ഞമ്മാവൻ. അറയുടെ പിന്നിലെ ഇടനാഴിയിൽ വച്ച് മറ്റേമ്മക്ക് തോർത്ത്‌ മുണ്ട് കൊണ്ട് മറച്ചു പിടിച്ചു beer ഒഴിച്ച് കൊടുക്കുന്നു മറ്റൊരു അമ്മാവൻ. ഊണ് കഴിഞ്ഞു വല്യവരുടെ ചീട്ടുകളി - കീച്ച് എന്ന് അവിടങ്ങളിൽ വിളിക്കുന്ന ഒരു കളി. 25 പൈസ ആണ് ബെറ്റ്-ന്റെ തുടക്കം. അയലത്തെ ചേട്ടൻമാരും പാടത്തെ പണിക്കാരും, അമ്മയുടെ cousins -ഉം എല്ലാം അവിടെ ഉണ്ട്. ചീട്ടു കളി ചിലപ്പോ ഒച്ചപ്പാട് ആകുന്നു. ചേട്ടൻ അനിയൻ അളിയൻ നോട്ടം ഇല്ലാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് കാശു വാരുന്നു. നമ്മൾ കുട്ടികൾ പതിവ് പോലെ ഇട വഴിയിൽ ക്രിക്കറ്റ്‌ കളിക്കുന്നു. ഇടക്ക് രമ ചിറ്റ വള്ളത്തിൽ കേറ്റി ആമ്പൽപൂ പറിക്കാൻ കണ്ടത്തിൽ കൊണ്ട് പോകുന്നു.. പിള്ളേരിൽ ഒരെണ്ണം എങ്കിലും വെള്ളത്തിൽ പോയാൽ എനിക്ക് അടി തരും എന്നും പറഞ്ഞു ബാബു അമ്മാവൻ ഇടയ്ക്കു വന്ന് പേടിപ്പിക്കുന്നു.. വീടിന്റെ പടിയിൽ സൂചി കുത്താൻ സ്ഥലം വിടാതെ ചിറ്റമാരും അമ്മായിമാരും അമ്മയും അയലത്തെ ചേച്ചിമാരും ഒക്കെ കറിക്കത്തി കൊണ്ട് പേൻ നോക്കുന്നു - പരസ്പരം കളിയാക്കി ഉറക്കെ ചിരിക്കുന്നു. വളരെ സോഷ്യലിസ്റ്റ്‌ ആയ ഓണാഘോഷം.

ഇന്ന് വര്ഷങ്ങള്ക്ക് ശേഷം, എന്റെ ഓണം വ്യത്യസ്തമാണ്. മുത്തച്ഛനില്ല, വല്യമ്മച്ചി ഇല്ല, വിശ്വം വല്യച്ഛൻ ഇല്ല, അവിട്ടത്തിന് പിറന്നാൾ സദ്യ ഇല്ല, മറ്റേമ്മ ഇല്ല, എന്റെ പ്രിയപ്പെട്ട പ്രതാപൻ അമ്മാവൻ ഇല്ല, ചാനലിൽ സ്പെഷ്യൽ ഓണം പ്രോഗ്രാംസ് ഉണ്ട്. ഒരു കാലത്ത് എല്ലാ ഓണങ്ങളും ഒരു പോലെ ആരുന്നു - പക്ഷെ ഇന്ന് അങ്ങിനെ അല്ല - കഴിഞ്ഞ ഓണത്തിന് - എന്ന് പറയുമ്പോ രണ്ടു കൊല്ലം മുമ്പത്തെ ഓണത്തിന് - കണ്ട പലരും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് ഇല്ലാതാകരുതെ, അല്ലെങ്ങിൽ അത്ര പെട്ടന്ന് ഇല്ലതകരുതെ എന്ന് പ്രാർത്ഥന.

ഈ തിരുവോണ നാളിൽ ഞാനും അമ്മയും അച്ഛനും മാത്രം ഇപ്പോൾ വീട്ടിൽ. ഉച്ചക്ക് ശേഷം അനിയത്തിയും കുടുംബവും വരും എന്നു പറയുന്നു. വർഷങ്ങളുടെ പതിവ് തെറ്റിക്കാതെ ഇന്നും അച്ഛനും അമ്മയും സദ്യ ഒരുക്കുന്നു. ഞാൻ ഒരു കൈ സഹായം പോലും ചെയ്യാതെ ഈ ചവറു എഴുതി പിടിപ്പിക്കുന്നു… അച്ഛൻ ഉണ്ടാക്കുന്ന അവിയലിന്റെയും അട പ്രഥമന്റെയും സ്വാദ് മാത്രം എനിക്കറിയാം - അത് എങ്ങിനെ ഉണ്ടാക്കണം എന്ന് ഒരു ഊഹവുമില്ല - വല്യമ്മച്ചിയുടെ പുളിങ്കറി പോലെ. ഇന്ന് cousins-ന്റെ വരവിനു പകരം അവരുടെ മക്കളുടെയും പിന്നെ അനിയത്തിയുടെ കുട്ടികളെയും കാത്തിരിക്കുന്നു. ഓണത്തിന്റെ nostalgia-ൽ എന്റെ വിദേശ മലയാളി സുഹൃത്തുക്കൾ ഒരുക്കുന്ന week -end ആഘോഷത്തിലൂടെ എന്റെ മകൻ മറുനാട്ടിൽ ഓണം ഉണ്ണുന്നു. ഇന്ന് ഈ ഓണ ദിവസം എന്റെ അച്ഛന്റെയും അമ്മയുടെം കൂടെ തന്ന ഈശ്വരന് നന്ദി. ഇപ്പോൾ ഓരോ ഓണവും nostalgia-യെക്കാൾ കൂടുതൽ ഒരു പ്രതീക്ഷ ആണ്. ഇങ്ങിനത്തെ എത്ര ഓണങ്ങൾ കൂടെ പ്രതീക്ഷിക്കാം എന്ന് മാത്രം അറിയില്ല….


Nisha 9/17/2014 06:43:23 am

കലക്കി…വായിക്കുമ്പോൾ ഒരു ഗദ്ഗദം :( പിന്നെ ഒരു തിരുത്ത്‌ ഉണ്ട്, വീട്ടില് സ്ഥിരം ആയിട്ടു ഒരു ഊഞ്ഞാൽ സേലം മാവിൽ ഉണ്ടായിരുന്നു.. വീട്ടില് ഇല്ലാത്ത ഐറ്റം പൂക്കളം ആയിരുന്നു ….