2012 ഓണക്കാലം. കുറെ വർഷങ്ങൾക്കു ശേഷം നാട്ടിൽ ഓണം കൂടാൻ കിട്ടിയ അവസരം. രാവിലെ തന്നെ വളരെ സന്തോഷത്തിൽ വരാന്തയുടെ താഴെ പടികളിൽ ഇരുന്നു ചായകുടിച്ചു പത്രപാരായണം നടത്തുകയായിരുന്നു ഞാൻ. ഇത് പോലെ ഒന്ന് ഇരുന്നു പത്രം വായിച്ചിട്ട് കുറെ കൊല്ലങ്ങളായി - ആ ഇരുപ്പും നോക്കി എന്ത് പറഞ്ഞു എന്നെ കളി ആക്കും എന്നാലോചിച്ചു പടിയിൽ നിപ്പുണ്ട് ഭാര്യ. അങ്ങിനെ സുഖം പിടിച്ചു പത്രപാരായണം മുറുകി വന്നപ്പോളുണ്ട്‌ “അങ്കിൾ അങ്കിൾ” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അപ്പുറത്ത് അമ്മിണി അമ്മയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പയയൻ ചന്ദ്രു പാഞ്ഞു വരുന്നു.. അവന്റെ വരവ് കണ്ടാലേ അറിയാം എന്തോ പന്തികേടുണ്ട് എന്ന്.. സദാ സഹായ മനസ്കനായ ഞാൻ വരാന്തയിൽ നിന്നും “ഏറു കൊണ്ട ആരാണ്ടേ” പോലെ ചാടി എണീറ്റു.. പത്രം എതിലെയോ പോയി… “എന്ത് പറ്റി മോനെ.”. ഞാൻ ഉദ്വേഗപൂർവം ചോദിച്ചു.. അവൻ പടിക്കൽ എത്തുന്നതിനു മുമ്പേ തന്നെ ഒറ്റ ശ്വാസത്തിൽ ഓട്ടത്തിനിടക്ക്‌ പറഞ്ഞു തീർത്തു.. “അവിടെ മുറിക്കകത്ത് ഒരു പാമ്പ്..”. എന്റെ ഉള്ളിൽ നിന്നും “യ്യ്യൊ…” എന്ന് ഒരു ശബ്ദം പൊങ്ങി വരുന്നത് ഞാൻ അറിഞ്ഞു.. അത് പുറത്തേക്കു വരുന്നത് തടയുന്ന ശ്രമത്തിൽ രണ്ടു പടി പുറകോട്ടു ചാടി വരാന്തയിൽ എത്തിയത് ഭാര്യ ശ്രദ്ധിച്ചില്ല.. ഭാഗ്യം..

പാമ്പുകൾ ക്ഷുദ്ര ജീവികൾ.. എന്തിനാണോ ഭഗവൻ അവയെ സൃഷ്ടിച്ചത്..? എനിക്ക് ഈ ജീവികളെ പണ്ടേ പേടിയാ.. അറപ്പും.. വളരെ പ്രതീക്ഷയോടെ എന്നെ നോക്കി ‘വേഗം വരൂ’ എന്ന് അപേക്ഷിച്ച് നിക്കുന്ന ചന്ദ്രുന്റെ മുഖത്ത് നോക്കി നിഷ്കരുണം ഞാൻ പറഞ്ഞു “അങ്കിൾ പിൻവശത്ത് എവിടെയോ ആണ് മോനെ, നീ ഓടി ചെല്ലൂ..” പകച്ചു പോയിട്ടുണ്ടാവണം അവന്റെ ബാല്യം..

ബഹളം കേട്ടു അച്ഛൻ ഓടി എത്തി. വിവരം അറിഞ്ഞതും അച്ഛൻ ചന്ദ്രുവിന്റെ കൂടെ ധിറുതിയിൽ പോയി. . പിറകിൽ പടിക്കൽ നിന്നുരുന്ന ഭാര്യയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഇങ്ങനെ തട്ടിക്കളിക്കുന്നത് പാതി നോട്ടത്തിൽ ഞാൻ കണ്ടു.. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ.. ‘ഛെ മൂഡു പോയി’ എന്നും പറഞ്ഞു റോഡ്‌-ലേക്കും നോക്കി ഞാൻ അവിടെ തന്നെ നിന്നു. അങ്ങിനെ ഇതി കർതവ്യധ മൂഢന്‍ ആയി നിക്കുമ്പോൾ ഉണ്ട് ഇപ്പുറത്തു വശത്ത് ജാനമ്മ അമ്മയുടെ വീട്ടിൽ എത്തിയിരുന്ന അരുച്ചേട്ടൻ “കുട്ടമ്മാവനെവിടെ” എന്നും ചോദിച്ചു വരുന്നു… വിവരം അറിഞ്ഞതും അരുച്ചേട്ടനും വച്ച് പിടിച്ചു പാമ്പിനെ പിടിക്കാൻ.. അരുച്ചേട്ടനെ കണ്ടപ്പോ എനിക്കും കുറച്ചു ധൈര്യം ആയി. വളരെ അണ്‍-ഓർത്തഡോൿസ്‌ രീതികളിൽ ആണ് കാര്യങ്ങളെ ആള് കൈകാര്യം ചെയ്യുക.. അടി പിടി ബഹളം ഒക്കെ സാധാരണ സൊലൂഷൻ ആയുള്ളിടത് വളരെ സോഫ്റ്റ്‌ ആയി കാര്യങ്ങൾ കൈകാര്യം ചെയ്യും പുള്ളി.. നമ്മക്ക് അത് പണ്ട് തൊട്ടേ വളരെ വല്യ ഒരു റെസ്പെക്റ്റ് ആണ്. അത് മാത്രമല്ല വീട്ടിലുള്ള സകല ആണുങ്ങളും - എന്റെ 6 വയസ്സുകാരൻ മകൻ അടക്കം - പാമ്പിനെ പിടിക്കാൻ പോയപ്പോ ഞാൻ മാത്രം ഒരു പുരുഷ കേസരി വീട്ടിൽ ഒളിച്ചിരിക്കുന്നത് ലജ്ജാവഹം ആണല്ലോ എന്നും ഭാര്യയുടെ ഭാവി കളിയാക്കലുകൾ ഇപ്പോളേ കേൾക്കാൻ കഴിയുന്നത്‌ കൊണ്ടും.. മാനം രക്ഷിക്കാൻ വേണ്ടി ഞാനും കൂടി ആരുച്ചെട്ടന്റെ കൂടെ..

അമ്മിണി അമ്മേടെ വീട്ടിൽ ചെല്ലുമ്പൊ അവിടെ ഒരു മുറീടെ വാതുക്കൽ ഒരു പറ്റം ആളുകൾ തിക്കി തിരക്കി നിക്കുന്നു.. മുറിക്കകം ആകെ ഫ്രീ, അച്ഛന്റെ ശബ്ദം അകത്തു നിന്നും കേക്കാം… “വഴി തരൂ.. വഴി തരൂ..” എന്ന് പറഞ്ഞു ആരു ചേട്ടൻ ആളുകളുടെ ഇടയിലൂടെ അകത്തു കേറി.. ഞാൻ വെളിയിൽ നിന്നു എത്തിനോക്കാനെ ഉദ്ദേശിച്ചിരുന്നുള്ളൂ.. പക്ഷെ അവിടെ നിന്ന ഒരു ചേച്ചി വഴി മാറി തന്നു എന്നെയും അകത്തു കേറ്റി വിട്ടു.. “പെട്ടല്ലോ’ എന്ന് പട പട ഇടിക്കുന്നതിനിടയിൽ മനസ്സ് പറഞ്ഞു..

പാമ്പ് എന്ന് കേക്കുമ്പോ പത്തി വിരിച്ചു ശീല്ക്കാരം ഇടുന്ന മൂർഖൻ ആന്നു മനസ്സിൽ വരുക.. പക്ഷെ അങ്ങിനെ ഒന്നിനേം അവിടെ കണ്ടില്ല.. എവിടെ പാമ്പ് എന്ന് ചോദിച്ചപ്പോൾ ആരോ ജനലിന്റെ പടിയിലേക്ക് ചൂണ്ടി കാട്ടി.. അവിടെ എന്തോ ഒരു ചെറിയ കറുത്ത രൂപം - കഷ്ടി ഒരു കൈപ്പത്തിയിൽ കൊള്ളുന്ന വലുപ്പത്തിൽ വട്ടത്തിൽ ചുറ്റി കെട്ടി വച്ച വള്ളി പോലെ ഇരിക്കുന്നു. ഓ ഇത്രേ ഉള്ളൂ.. പണ്ട് പപ്പു സിനിമയിൽ പറഞ്ഞപോലെ “ഇത് ചെറുത്‌’ എന്നുള്ള ജാഡയിൽ ഞാൻ ഒന്ന് നിവർന്നു നിന്നു.. അച്ഛൻ പതിവുപോലെ ‘ഇത് പനറാകൾ എന്ന പാമ്പ് ആണ്, വിഷമില്ല കുറച്ചു കഴിയുമ്പോ അത് അതിന്റെ പാട്ടിനു പൊക്കോളും’ എന്നും പറഞ്ഞു നിക്കുന്നു.. പക്ഷെ വീട്ടുകാര് വിടുന്ന ലക്ഷണമില്ല.. അവർക്ക് അതിനെ കൊന്നെ അടങ്ങൂ.. പാമ്പിന്റെ ഭാഗ്യത്തിന് അരുച്ചേട്ടൻ ഒരു വഴി പറഞ്ഞു.. അതിനെ കൊല്ലണ്ട.. ജനലിൽ കൂടി കുത്തി പുറത്തെക്കിടാം.. പറഞ്ഞു തീർന്നില്ല.. കമ്പ് വന്നു, വടി വന്നു, കൊല് വന്നു… പക്ഷെ ഒരു പ്രശ്നം ജനലിന്റെ പാളി തുറക്കണം.. ആര് തുറക്കും.. വേറെ ആര് അരുച്ചേട്ടൻ തന്നെ.. അങ്ങിനെ പാവം അരുച്ചേട്ടന്റെ കയ്യിൽ വടി എത്തി.. പെടുന്ന ഓരോ പെടലുകളെ.. ആള് വളരെ ശ്രദ്ധ പൂർവ്വം ജനലിന്റെ കുറ്റി എടുക്കാനായി പാമ്പിന്റെ മുകളിലൂടെ വടി നീട്ടി, കുറ്റിയെ തൊട്ടതും വർഷകാലത്ത് കുട്ടികൾ കുളത്തിന്റെ കരക്കൂന്നു ചാടുന്നപോലെ പാമ്പ് മുറീടെ ഉള്ളിലേക്ക് ഒറ്റ ചാട്ടം.. എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് കൂടി നിന്നിരുന്ന മനുഷ്യർ ഒക്കെ ചിതറി ഓടി .. ഞാൻ എന്ത് ശബ്ദം ആണ് ഉണ്ടാക്കീത്‌ എന്ന് എനിക്ക് തന്നെ ഓർമയില്ല.. വീടിന്റെ 2 വാതിലുകളിൽ കൂടിയും ജനം പുറത്തു ചാടി.. ഞാനും. കുഞ്ഞുന്നാള് തൊട്ടേ അറിയാവുന്ന വീടായത് കൊണ്ടാവാം ഞാൻ പിറകുവശത്തെ മുറ്റത്തെക്കു ഓടി. ഊണ് മുറിയിൽ നിന്നും മുറ്റത്തെക്കു ഉള്ള യാത്രയിൽ എന്റെ കാലുകൾ നല്ല വീതിയുള്ള ആ വരാന്തയെ മന:പ്പൂർവ്വം അവഗണിച്ചു.. ഒറ്റ ചാട്ടത്തിനു മുറ്റത്തെത്തി.. പണ്ട് സുധിച്ചേട്ടനുമായി മത്സരിച്ചു ചാടിയിട്ടുള്ളതിന്റെ ഗുണം. ഓട്ടത്തിന്റെ സ്പീഡ് കുറച്ചു നടത്തയാക്കാൻ ശ്രമിച്ചു കൊണ്ട് വീട്ടിലേക്കു വച്ച് പിടിച്ചു.. വീട്ടിൽ എത്തുമ്പോൾ ഭാര്യ അപ്പോളും വാതിൽ പടിയിൽ തന്നെ ഉണ്ട്.. വരവിന്റെ വേഗം കണ്ടിട്ടാണോ എന്തോ.., അവൾ ചോദിച്ചു.. “പാമ്പ് ചത്തോ..?”. “ഇല്ല..” ഞാൻ പറഞ്ഞു.. “പക്ഷെ പാമ്പ് പുരക്കകത്തു എവിടോ ഉണ്ട്..” ഞാൻ വരാന്തയിൽ തന്നെ നില ഉറപ്പിച്ചു..

മുൻവശത്തെ വാതിലിൽ കൂടി ചാടിയ ആരോ ഒരാൾ ആ ഓട്ടം നിർത്തിയത് പടികളും കേറി ഗേറ്റ്-ഉം തുറന്നു റോഡ്‌-ഉം കടന്നു കവലയിൽ ചെന്ന് നിന്നപ്പോൾ ആണ്.. ആ വിദ്വാൻ ഓട്ടോ ഡ്രൈവർ ജോർജ്-നെ വിളിച്ചു കൊണ്ട് വന്നു.. നേരിൽ കണ്ടാൽ ഒരു ഉറുംബിനെ പോലും കൊല്ലാനുള്ള മനക്കരുത്തില്ലാത്ത ആൾ എന്ന് തോന്നിക്കുന വളരെ സൌമ്യനായ ജോർജ് വന്നു അലമാരയുടെ അടിയിൽ ഒളിച്ച പാമ്പിനെ നിഷ്കരുണം തച്ചു കൊന്നു.. അതിനു ശേഷം എന്റെ വീട്ടിലെ ശൂര വീര പരാക്രമികൾ എല്ലാരും തിരിച്ചെത്തി.. ഞാൻ അതുവരെ വരാന്തയിൽ തന്നെ നിന്നു.. വീട്ടിനുള്ളിൽ കേറാൻ തിരിഞ്ഞപ്പോ ഭാര്യ അപ്പോളും ആ പരിഹാസ സ്മിതവും ആയി പടിക്കൽ നിപ്പുണ്ടാരുന്നു.. ഞാൻ മൈൻഡ് ചെയയാതെ അകത്തു കേറി. ഇനി അവസരം കിട്ടുമ്പോ ഒക്കെ എന്നെ കളിയാക്കാൻ ഒരു കാര്യം കൂടി ആയി.. പരട്ട പാമ്പുകൾ മനുഷ്യന്റെ മാനം കളയാൻ വേണ്ടി ഉണ്ടായ ജീവികൾ. ഇതുങ്ങൾക്ക് വല്ല മാളത്തിലും പോയി ഒളിച്ചിരുന്നൂടെ..?