Alt മനസ്സിന്റെ ഏതോ ഒരു കോണിൽ ഇപ്പോളും അണയാതെ നിൽക്കുന്ന ഒരു മുഖമാണ് സുരേഷ് ചേട്ടന്റേത്. വളരെ മങ്ങിയ ഒരു ചിത്രം.., കൊച്ചുന്നാളിൽ എപ്പോളോ എവിടെയോ വച്ച് എന്നോട് വളരെ സൗമ്യമായി എന്തോ പറയുന്നതിന്റെ ഒരു ഓർമ. ഞാൻ Upper Primary സ്കൂളിൽ ആയിരുന്ന കാലത്തായിരിക്കണം സുരേഷ് ചേട്ടൻ മരിച്ചു പോയത്.

പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോളും ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിനെ ഓർക്കുകയോ, extended ഫാമിലിയിലെ ആരെങ്കിലും ആയിട്ടുള്ള വർത്തമാനങ്ങളിൽ ആ പേര് കടന്നു വരുകയോ ചെയ്യാറുണ്ട്. സുരേഷ് ചേട്ടനെ കുറിച്ച് എഴുതാനും മാത്രം ഞാൻ ആളല്ല എന്നുള്ള തോന്നലും, എഴുതുന്നത് ശരി ആണോ എന്ന് ഉള്ള ആശയക്കുഴപ്പം കൊണ്ടും ഇത് വരെ ഒഴിവാക്കി. പക്ഷെ ഇപ്പോൾ തോന്നുന്നു എന്തെങ്കിലും എഴുതണം.., ആരും വായിച്ചില്ലെങ്കിൽ കൂടി, അതുകൊണ്ടു ഈ കുറിപ്പ്.

ഇന്റെർനെറ്റിനും സോഷ്യൽ മീഡിയക്കും മുൻപേ ഒരു നാട്ടിലെ മുഴുവൻ ചെറുപ്പക്കാരെയും influence ചെയ്യാനും, 60 വയസ്സായാലും നേടാൻ സാധിക്കാത്ത അത്ര ബഹുമാനം - അതും സ്വന്തം അധ്യാപകരുടെ അടക്കം - വെറും 23 വയസ്സിനുള്ളിൽ ഒരാൾക്ക് സമ്പാദിക്കാൻ സാധിച്ചെങ്കിൽ അയാൾ സാധാരണക്കാരനല്ല…, ലോകം അറിയാതെ പോയാ ഒരു പ്രതിഭ ആണ്.

വര്ഷങ്ങള്ക്കു മുമ്പേ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സുരേഷ് ചേട്ടൻ, സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു മീറ്റിംഗിൽ പ്രസംഗിച്ചത് ഓർക്കുന്നു. ‘പഠനം പാൽപ്പായസം ആകണം’ എന്ന് ആരോ എഴുതിയ ആപ്ത വാക്യം സുരേഷ്‌ചേട്ടൻ quote ചെയ്തു പറഞ്ഞത് ഇന്നും കാതിൽ ഉണ്ട്. സ്കൂളിൽ പേടി പെടുത്തിയിരുന്നു അധ്യാപകർ സുരേഷ് ചേട്ടനോട് വളരെ സ്നേഹവും ബഹുമാനത്തോടും കൂടി സംസാരിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അച്ഛന്റെ വകയിൽ ഒരു അമ്മാവനാണ് സുരേഷ് ചേട്ടന്റെ അച്ഛൻ ഗോപലമ്മാവൻ - വളരെ സൗമ്യനായ ഒരാൾ. അദ്ദേഹം സ്കൂൾ മാസ്റ്റർ ആരുന്നു എന്ന് തോന്നുന്നു. ഗോപാലമ്മാവന്റെ മകൻ ആയതു കൊണ്ടാണോ സാറമ്മാർക്ക് സുരേഷ് ചേട്ടനെ ഇത്ര കാര്യം എന്ന് ഞാൻ ചിന്തിച്ചിരുന്നു - എനിക്ക് ടീച്ചർമാരുടെ അടുത്ത് നിന്ന് കിട്ടിയ പരിഗണന ലക്ഷ്മികുട്ടിയമ്മ ടീച്ചറിന്റെ ആങ്ങളയുടെ മകൻ ആയതു കൊണ്ട് മാത്രം ആണ്.. സ്വന്തം കഴിവ് കൊണ്ട് ഒന്നും അല്ല.

ഞാൻ ആറാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.., ഒരു ക്രിസ്മസ് വെക്കേഷന് ശേഷം, KCC (കാണക്കാരി ക്രിക്കറ്റ് ക്ലബ്) ഞങ്ങളുടെ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ഓൾ കേരള ടൂർണമെന്റിന് ശേഷം, സ്കൂൾ തുറന്ന ഉടനെ, ആ വാർത്ത വന്നത് - സുരേഷ് ചേട്ടൻ പാമ്പു കടിയേറ്റ് തിരുവന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു എന്ന്. കേരള യൂണിവേഴ്സിറ്റിയിൽ M.C.J ക്കു പടിക്കുകാരുന്നു അപ്പോൾ സുരേഷ് ചേട്ടൻ. ക്രിക്കറ്റ് ടൂർണമെന്റിന് അമ്പയറിങ് ചെയ്യാൻ വന്നിട്ട് തിരികെ പോയതാണ്.. രാത്രിയിൽ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ പാമ്പ് കടിച്ചു.

പിന്നീട് എന്റെ പ്രീ-ഡിഗ്രി ടൈമിൽ ഉഷച്ചേച്ചി കാര്യവട്ടത്ത് MA ക്കു പോയിട്ട് വെക്കേഷന് വരുമ്പോൾ പറയുമായിരുന്നു.. അവരുടെ ഹോസ്റ്റലിന്റെ പരിസരം മുഴവൻ കാടാനാണ്.. ഒരുപാട് പാമ്പുണ്ട്.. കാര്യവട്ടം ക്യാമ്പസ്സിൽ സുരേഷ് ചേട്ടന്റെ ഒരു ഫോട്ടോ വച്ചിട്ടുണ്ട് എന്നൊക്കെ. വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ, ടെക്നോപാർക്കിന്റെ പിൻവശത്തെ ഗേറ്റ് കടന്ന് കാര്യവട്ടം ക്യാമ്പസിനുള്ളിലൂടെ ഉള്ള റോഡിൽ കൂടി രാത്രി വളരെ വൈകി താമസ സ്ഥലത്തേക്ക് ബൈക്കിലും കാറിലും പോകുമ്പോൾ ഞാൻ ഒരു പാട് പ്രാവശ്യം പാമ്പിനെ കണ്ടിട്ടുണ്ട്. അന്നൊക്കെ സുരേഷ് ചേട്ടനെ ഓർക്കും.

സുരേഷ് ചേട്ടനെ നാട്ടിൽ കൊണ്ട് വന്നപ്പോൾ ഞങ്ങൾ കുട്ടികൾ സ്കൂളിൽ നിന്നും കാണാൻ പോയി. ‘കേരള സർവകലാശാല’ എന്നെഴുതിയ ഒന്ന് രണ്ടു ബസ്സുകൾ വീടിനടുത്തു കിടന്നിരുന്നത് ഇപ്പോളും ഓർമ്മ വരുന്നു. പിന്നീട് എപ്പോളോ അച്ഛൻ പറഞ്ഞു കേട്ടു.., സുരേഷ് ചേട്ടന്റെ ജാതകം എഴുതാൻ കൈമള് ചേട്ടനെ ആണ് ഏൽപ്പിച്ചിരുന്നത്.. പക്ഷെ ഒരിക്കലും 23 വയസ്സിനപ്പുറത്തേക്കു എഴുതാൻ സാധിച്ചിട്ടില്ല.. എപ്പോൾ എഴുതാൻ എടുത്താലും എന്തെങ്കിലും കാര്യം വന്ന് അത് മുടങ്ങി പോകുമായിരുന്നു എന്ന് കൈമൾ ചേട്ടൻ അച്ഛനോട് പറഞ്ഞിരുന്നു എന്ന്. 25 വയസ്സിൽ 70 വയസ്സുകാരനെക്കാൾ പ്രശസ്തനാകും എന്നായിരുന്നു അത്രേ കൈമൾ ചേട്ടൻ എഴുതിയിരുന്നത്.

ഒരു നാട്ടിലെ മുഴുവൻ ചെറുപ്പക്കാർക്കും പ്രചോദനവും, റോൾ മോഡലും ആയി അവരെ ഒക്കെ നല്ല വഴി കാണിച്ചു നല്ല രീതിയിൽ ഇൻഫ്ലുവെൻസ് ചെയ്ത സുരേഷ് ചേട്ടൻ, ചെറിയ കുട്ടി ആയിരുന്ന എന്നെയും ഉറപ്പായിട്ടും സ്വാധീനിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ആ മുഖം മനസ്സിൽ നിറയണമെങ്കിൽ വേറെ ഒരു കാരണവുമില്ല. മരണം ശരിക്കും രംഗബോധമില്ലാത്ത കോമാളി തന്നെ.