കടുംവെട്ട്‍ യക്ഷി.
ഹൊറർ സിനിമ കണ്ടതിനു ശേഷം സ്ഥിരം കേക്കുന്ന ഒരു ഭീഷണി ആണ്.., ദംഷ്ട്ര ഒക്കെ വച്ച് യക്ഷി ആയിട്ട് ദുർഗ്ഗാഷ്ടമി നാളിൽ വന്നു എന്റെ ചോര കുടിച്ച് ഓംകാര നടമാടും എന്ന്. ഈ യക്ഷി ആയിട്ട് വരും എന്നൊക്കെ പറയുന്ന കേട്ടാൽ തോന്നും ഹാലോവ്വീന് കോസ്റ്റ്യൂം ഇട്ടു വരുന്ന പോലെ എന്തോ സിംപിൾ കലാ പരിപാടി ആണെന്ന്. “ദുർഗ്ഗാഷ്ടമീടെ അന്ന് സ്പെഷ്യൽ പ്രോഗ്രാം വേണോ.., പതിവ് ഉള്ളത് പോരേ..?” എന്ന് ചോദിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ ചോര എന്റെ ആണല്ലോ.., എങ്ങാനും പാവം നകുലേട്ടനെ വെട്ടിയ പോലെ അറഞ്ചം പുറഞ്ചം വെട്ടാൻ തോന്നിയാലോ..? ഡമ്മി ഇടാൻ ഇവിടെ ഒട്ട് ഒരു സണ്ണിക്കുട്ടനും ഇല്ല.
നാഗവല്ലിയും നീലിയും ഒക്കെ നല്ല പ്രായത്തിൽ യക്ഷി ആയവരാ. അവരെ ആരും നാഗവലിഅമ്മൂമ്മ, നീലിത്തള്ള എന്നൊന്നും അല്ല വിളിക്കുന്നെ. കടുംവെട്ട്‍ പ്രായത്തിൽ യക്ഷി ആയാൽ ഉള്ള കഷ്ടപ്പാട് ഓർത്താൽ മാത്രം മതി. വയസ്സാം കാലത്ത് ഈ പനയുടെ മണ്ടക്കൊക്കെ വലിഞ്ഞു കേറുക എന്ന് പറയുന്നത്, Chat GPT യെ കൊണ്ട് ലോജിക്കില്ലാത്ത code എഴുതിക്കുന്നമാതിരി എളുപ്പമാണെന്നാ വിചാരം.
മൂത്തു നരച്ചു CC അടഞ്ഞിട്ട് യക്ഷി ആയാൽ, ചോര കുടിക്കാനും, കപ്പ ചിപ്സ് പോലെ കറ മുറാന്ന് എല്ലു കടിക്കാനും ഒക്കെ പോയിട്ട് പനം നൊങ്ക് തിന്നാൻ പോലും വായിൽ പല്ലു കാണുകേല. വീടിന്റെ രണ്ടു സ്റ്റെപ് കേറുമ്പോ ചങ്കു വാ പൊളിക്കുന്ന പ്രായത്തിൽ ആളേം തൂക്കി എടുത്തു പനയിൽ കേറുന്നത് ഒന്ന് അലോചിച്ചു നോക്കിക്കേ. ഒരു വീൽ ചെയറും ഇട്ടു പനേടെ ചോട്ടിൽ ഇരിക്കുകാരിക്കും ബുദ്ധി. വല്ല പിള്ളേരും ലോട്ടറി വിക്കാൻ ഇരിക്കുന്ന അമ്മച്ചി ആണെന്ന് വിചാരിച്ച് സിമ്പതിയുടെ പേരിൽ ഒരു നാരങ്ങാ വെള്ളം മേടിച്ചു തന്നെന്നിരിക്കും.
ഇനി ഡാകിനി അമ്മൂമ്മക്ക് ഒരു കമ്പനി ആയിട്ട് പിള്ളേരെ പിടിക്കാൻ കൂടാം എന്ന് വച്ചാൽ, രാജൂം രാധയും ഒന്നും പഴേ പോലെ കറങ്ങി നടക്കുവല്ല… അവര് ഇൻസ്റ്റാഗ്രാം റീൽസ് ഇട്ട് കാശു വാരുവാ. അവസാനം അവരുടെ പുറകെ നടന്ന്, അവര് വല്ല ചൈൽഡ് ലൈനിലും വിളിച്ചു അകത്തായാൽ ജാമ്യം എടുക്കാൻ ഞാൻ ഉണ്ടാവില്ല.., ഞാൻ അപ്പോളേക്കും ഒരു റൗണ്ട് പടം ആയി.., നസ്ലനെ പോലെ ചുള്ളനായി അടുത്ത ജന്മം ഒക്കെ എടുത്ത്, അവിടെ പാലമരത്തേൽ നീലിയോട് സൊള്ളി ലെയ്സും ഒക്കെ കൊറിച്ചിരിക്കുവാരിക്കും - ലോക: 1.0 സ്റ്റൈലിൽ. 😉
അടിക്കുറിപ്പ്: യക്ഷി ഇത് വായിച്ച് ചിരിച്ച് approve ചെയ്തതിനു ശേഷമാണ് publish ചെയ്യുന്നത്.. എന്നെ കൊന്നിട്ടില്ല.
Comments