ഒരു വോളന്റിയറിങ് അപാരത
സ്വതവേ മടിച്ചി ആയ അനന്തരവൾ, വല്യ മെനക്കെടില്ലാതെ internal മാർക്ക് കിട്ടും എന്നു വിചാരിച്ച് കോളേജിലെ സോഷ്യൽ സർവീസ് വോളന്ററിങ് പരിപാടിക്ക് ചാടി എണീറ്റ് കൈ പൊക്കി. കോളേജിലെ non teaching സ്റ്റാഫിന് ഒരു ദിവസം അവധി കൊടുക്കക എന്നതാണ് പരിപാടി.. അവര് ചെയ്യുന്ന പണി ഒക്കെ പിള്ളേര് ചെയ്യണം.
മാനേജ്‌മന്റ് പ്രോഗ്രാം പഠിക്കുന്ന അവൾ വിചാരിച്ചു ‘എച്ചിക്കുട്ടീവ്’ വേഷം ഒക്കെ ഇട്ടു ഓഫീസിൽ പോയി ഇരുന്നു പുതിയ പിള്ളേരുടെ അഡ്മിഷനും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളും ഒക്കെ ചെയ്യലാരിക്കും പണി എന്ന്. വല്ല ചുള്ളമ്മാര് പയ്യൻമാരും ഓഫീസിൽ വന്നാൽ അവമ്മാരെ വായിനോക്കാമല്ലോ എന്നാലോചിച്ചു മനസ്സിൽ ലഡ്ഡു പൊട്ടി, രാവിലെ കോട്ടും സൂട്ടും ഒക്കെ ഇട്ടു വോളന്ററിങ് കോർഡിനേറ്ററുടെ അടുത്ത് റിപ്പോർട്ട് ചെയ്തപ്പോൾ മനസ്സിലായി.. ഓഫീസ് ഡ്യൂട്ടി അല്ല, പകരം മറ്റു സ്റ്റാഫിന്റെ - അതായതു കിച്ചൻ, ക്ലീനിങ്, ഹൌസ് കീപ്പിങ് സ്റ്റാഫിന്റെ - പണി ആണ് ചെയ്യേണ്ടത് എന്ന്.
ഒന്ന് പകച്ചെങ്കിലും പതറാതെ അവളും, കൂടെ ഉള്ള വാനരപ്പടേം കോർഡിനേറ്ററുടെ ‘follow me’ വിളിക്ക് പുറകെ പോയി. അവളെ ആദ്യം തന്നെ കിച്ചണിൽ വിട്ടു. വീട്ടിൽ ഉച്ചക്ക് 12 മണി വരെ കിടന്നുറങ്ങീട്ട് ചായ ചോദിച്ചു വരുന്ന അവൾ അടുക്കള ആദ്യമായി കാണുകയാണ്. ഒരു ഉള്ളി പൊളിച്ചു തരാൻ സഹായത്തിനു വിളിച്ചാൽ കൈ മുട്ട് വേദനയാണ് എന്ന് പറഞ്ഞു മുങ്ങുന്ന അവൾക്കു കിട്ടിയത് സബോള അരിയൽ. കരഞ്ഞു കൂവി സബോള അരിഞ്ഞു കണ്ണ് ചുവന്നു കലങ്ങി തിരിച്ചു വന്നപ്പോൾ, അടുത്ത പണി കിട്ടി.. സ്റ്റാഫിന്റെ ബാത്രൂം കഴുകണം. സ്വന്തം ബാത്രൂം അമ്മേക്കൊണ്ട് കഴുകിക്കുന്ന അവൾക്കു കിട്ടിയ പണിക്ക്.. എട്ടിന്റെ പണി എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ബാത്രൂം കഴുകൽ കഴിഞ്ഞു വീട്ടിൽ വന്നിട്ട് 2 ദിവസത്തേക്ക് ആഹാരം കഴിച്ചിട്ടില്ല എന്നാണ് കേട്ടത്.
Comments