ബേ ഏരിയയിൽ ഉള്ള സ്റ്റാർട്ടപ്പിൽ ജോലി കിട്ടി കഴിഞ്ഞു 3 വർഷത്തിന് ശേഷം ഒരു get together വന്നു. അന്ന് നമ്മുടെ ആസ്ഥാന ടെക്കി സഖാവ് എല്ലാരേം കൂട്ടി ഒരു കരയോക്കി ക്ലബ്ബിൽ പോയി. ജീവിതത്തിൽ ഇന്ന് വരെ കുളിമുറീൽ അല്ലാതെ പാടീട്ടില്ലാത്ത ഞാനും മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വച്ച് കാച്ചിക്കൊടുത്തു.

മറ്റ് സഹഗായകരൊക്കെ തൊണ്ട കീറി പാടുന്നതിന്റെ ഇടയ്ക്ക് എന്റെ അമർച്ച ആരും കേൾക്കില്ല എന്നുള്ള ധൈര്യത്തിൽ ചെയ്തതാണ്.. പക്ഷെ ഏതോ ഒരു ദുർബല നിമിഷത്തിൽ ആരുടെയോ തൊണ്ടയിലെ വെള്ളം വറ്റിയപ്പോൾ എന്റെ ശബ്ദം ഉറക്കെ കേട്ടു. അടിച്ച കള്ളിന്റെ effect ആരുന്നോ എന്തോ.. എല്ലാർക്കും എന്റെ കാളരാഗം ഭേഷാ ബോധിച്ചിരിക്കുണൂ. എന്റെ ശബ്ദം സ്‌പീക്കറിൽ കൂടി ആദ്യമായി വല്യ തരക്കേടില്ലാത്ത വിധത്തിൽ കേട്ടപ്പോൾ എനിക്കും പൊട്ടി നെഞ്ചിൽ അഞ്ചാറു ലഡ്ഡു. ഞാൻ പച്ചക്കു നിക്കുന്ന കൊണ്ട്, ബാക്കി ഉള്ളവർക്ക് കിളി പോയിട്ട് തോന്നുന്നതല്ല എന്ന് ഒരു ഉറപ്പു തോന്നി.

സഹപ്രവർത്തകരുടെ പ്രോത്സാഹനം ശിരസ്സാ വഹിച്ചു ഞാൻ അന്ന് ഒരു ഗാനമേള തന്നെ നടത്തി. അവസാനം എന്റെ നിലവിളി സഹിക്കാൻ വയ്യാണ്ട് എങ്ങിനെ എങ്കിലും ഈ പരിപാടി മതിയാക്കി പോയാൽ മതിയെന്നായി അവർക്ക്. മൈക്ക് വിഴുങ്ങിയുടെ കയ്യിൽ നിന്നും ഒരുവിധം മൈക്ക് വാങ്ങി കാശും കൊടുത്തു സ്ഥലം കാലിയാക്കി എല്ലാരും.

ഞാൻ എന്നിലെ ഗാന ഗന്ധർവനെ കണ്ടെത്തിയ സന്തോഷത്തിൽ അന്ന് രാത്രീ മുഴുവൻ ഉറക്കത്തിൽ പാട്ടു പാടി നേരം വെളുപ്പിച്ചു. പാടിയ അനുഭവം അയവെട്ടി അയവെട്ടി പലപ്രാവശ്യം ഒരു ഉളുപ്പുമില്ലാതെ എല്ലാരോടും അതിനെ കുറിച്ച് പോരുന്ന വരെ തള്ളിക്കൊണ്ടിരുന്നു. അവരുടെ മര്യാദക്ക് ശല്യം ഒഴിയാൻ വേണ്ടി എല്ലാം yes വച്ച് തന്നു..

പിറ്റേ ദിവസം വീട്ടിൽ എത്തി കഴിഞ്ഞു പാട്ടിന്റെ റെക്കോർഡിങ്‌സ് ഒക്കെ ഭാര്യയെ കാണിച്ചപ്പോൾ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. ആകെ ഒരു പുച്ഛം - അസൂയ അല്ലാതെന്താ എന്ന് ഞാൻ വിചാരിച്ചു. Chat GPT യെ കൊണ്ട് എഴുതിച്ച python code കഴുത്തിനു ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ അവൾക്കെവിടെ എന്റെ കുൽസിതം കാണാൻ താല്പര്യം. അവൾക്ക് വേണ്ടേ പോട്ടെ, എനിക്ക് എന്റെ ഫാൻസിനെ satisfy ചെയ്തല്ലേ പറ്റൂ എന്ന് വിചാരിച്ചു ഞാൻ ദിവസോം പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു.

എന്നിലെ ഗായകനെ തിരിച്ചറിഞ്ഞ എന്റെ സ്നേഹ സമ്പന്നരായ സുഹൃത്തുക്കൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ വേണ്ടി ഒരു ഹൈ പിച്ച് പാട്ടു തന്നെ എടുത്തു രാവിലെ അലക്കൽ തുടങ്ങി. 24 മണിക്കൂറും വീട്ടിൽ പാട്ടു തന്നെ – ഞാൻ പാടി തളർന്നു കഴിയുമ്പോൾ, കമ്പ്യൂട്ടറിൽ പാട്ട് വച്ച് സകല സ്പീക്കർ വഴീം വീട് മൊത്തം കേപ്പിക്കും.

ഭാര്യ ആദ്യത്തെ 2 ദിവസം ക്ഷമിച്ചു.. എല്ലാ കാര്യങ്ങളും പോലെ തന്നെ ഇതും, ആദ്യത്തെ മൂച്ചിറങ്ങി കഴിയുമ്പോൾ നിർത്തിക്കോളും എന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷെ ഇപ്പ്രാവശ്യം ആ പ്രതീക്ഷ തെറ്റി. ക്ലാസ്സിലെ ഏറ്റവും സുന്ദരിക്കുട്ടിയെ വച്ച്, ‘അവള് നിന്നെ തന്നെയാടാ അളിയാ നോക്കുന്നെ…’ എന്ന് പറഞ്ഞു ചങ്കുകൾ നൈസ് ആയിട്ട് പറ്റിക്കുമ്പോൾ, അത് മനസ്സിലാകാതെ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി കണ്ട ഊളത്തരം ഒക്കെ ചെയ്തു കൂട്ടുന്ന പൊട്ടനെ പോലെ ഒരു ഉന്മാദവസ്ഥയിൽ ആയിരുന്നു ഞാൻ.. കർണഃ കഠോരമായ ശബ്ദത്തിൽ അവതാളമിട്ടു ഫുൾ ഓൺ നോൺ സ്റ്റോപ്പ് കഴുത രാഗം.

ഒരു ദിവസം എന്റെ സാധകത്തിനിടയിൽ ഭാര്യ തുള്ളിച്ചാടി കലിപ്പിച്ചു വന്നു എന്റെ റൂമിന്റെ വാതിക്കൽ നില ഉറപ്പിച്ചു. നോട്ടത്തിന്നു മനസ്സിലായി പാട്ടു കേക്കാൻ വന്നതല്ല എന്ന്.. ‘നിങ്ങൾക്ക് പാടാൻ അറിയാം എന്ന് പറഞ്ഞ എല്ലാത്തിന്റേം നമ്പർ ഇങ്ങു തന്നെ..’ എന്നും പറഞ്ഞു എളിക്ക് കയ്യും കുത്തി ഒറ്റ നിപ്പാരുന്നു ശ്രീമതി.

ഒരു നിമിഷം ഫ്ലോറിഡ തൊട്ടു ഡെൻവർ വരെ ഉള്ള പാവം സഹപ്രവർത്തകരുടെ പ്രാണനെ കുറിച്ച് ഞാൻ ഒന്ന് പേടിച്ചു. എന്റെ പ്രാക്ടീസ് കാണുമ്പൊൾ ‘യോദ്ധ’ സിനിമയിൽ ജഗതി ശ്രീകുമാർ കാവിലെ പാട്ടു മത്സരത്തിന് കുളത്തിൽ ഇറങ്ങി നിന്ന് പ്രാക്ടീസ് ചെയ്യന്നതാണത്രേ അവൾക്കു ഓർമ വരുന്നത്. ‘പാറപ്പുറത്തു ചിരട്ട ഇട്ടു ഉരക്കുന്ന ശബ്ദത്തിൽ ഉള്ള നിങ്ങളുടെ പിച്ചളേം വെള്ളീം ഒക്കെ കേട്ട് പേടിച്ച് അയലോക്കത്തെ പട്ടികളൊക്കെ ഓരി ഇടാൻ തുടങ്ങി..’ എന്ന് അവൾ നിർദാക്ഷണ്യം പറഞ്ഞപ്പോൾ, ഞാൻ എന്റെ ഹാർമോണിയവും ശ്രുതിപ്പെട്ടീം അടച്ചു.

എന്തായാലും എന്റെ അഭ്യുദയ കാംക്ഷികളോട് എനിക്കിത്രയേ പറയാനുള്ളൂ.. ശത്രുക്കളോടു പോലും ഇങ്ങനെ ഒന്നും ചെയ്യരുത്.. ഇങ്ങനെ പ്രോത്സാഹിപ്പിച്ചു കുഴീൽ ആക്കരുത്.